Wednesday, November 22, 2006

വിശദീകരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍...

ഇതറിയാമോ?

കുരുത്തംകെട്ടോനും കുരുത്തംകെട്ടോനും ഒരു വഴി.
മര്യാദക്കാരനും കുരുത്തംകെട്ടോനും രണ്ട്‌ വഴി.
മര്യാദക്കാരനും മര്യാദക്കാരനും മൂന്ന് വഴി.

വിശദീകരിച്ച്‌ തരുന്നവരില്‍ നിന്ന് ഒന്നാം സമ്മാനം ഒരു കമ്മല്‍
രണ്ടാം സമ്മാനം ഒരു കണ്ണട

Friday, November 10, 2006

ഗോപാലകൃഷ്ണചരിതം

ഗോപാലകൃഷ്ണന്‍ എന്ന പേര്‌ കേട്ടാല്‍ ഊണിലും ഉറക്കത്തിലും ഞെട്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു!
കോളേജ്‌ ജീവിതം കഴിഞ്ഞ്‌ ബിസ്സിനസ്സില്‍ കാലുറപ്പിക്കാനായി ചെളിയുള്ള സ്ഥലങ്ങളില്‍ മാത്രം കൃത്യമായി ചവിട്ടിക്കൊണ്ടിരുന്ന സമയം. അവസാനം തേയില വ്യാപാരത്തില്‍ ചെന്നു ചേര്‍ന്നു.
ആഹാ... എന്തൊരു റെസ്പോണ്‍സ്‌..!! ചാക്കില്‍ വരുന്നു. പ്ലാസ്റ്റിക്ക്‌ പാക്കില്‍ പോവുന്നു. എല്ലാവര്‍ക്കും നല്ല അഭിപ്രായം. 'ഇത്തിരി ഇട്ടാല്‍ മതി ഒത്തിരി ചായ തരും' എന്ന ആപ്തവാക്യം ഞങ്ങള്‍ പാണരെ പോലെ നാടെങ്ങും പാടി നടന്നു.

ആയിടയ്ക്കാണ്‌ ഞങ്ങളില്‍ ഒരു പാര്‍ടണറിന്റെ അകന്ന ബന്ധുവായ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ എന്ന കുട്ടനാടുകാരന്‍ പരിചയം പുതുക്കാന്‍ വരുന്നത്‌. തേയില അദ്ദേഹത്തിന്‌ ഒരു വീക്ക്നെസ്‌ ആണത്രെ.. ആലപ്പുഴയിലെ മിക്ക ചായക്കടക്കാരും, പലചരക്ക്‌കച്ചവടക്കാരും അടുത്ത പരിചയക്കാരും ആയതിനാല്‍ എത്ര വേണേലും സാധനം വിറ്റു തരും. പക്ഷേ ഡിപ്പോസിറ്റിനും മറ്റും പണം ഇല്ല. ഞങ്ങള്‍ കൂലം കഷമായും കഷണമായും ആലോചിച്ചു. ഡെപ്പോസിറ്റ്‌ ഇല്ലെങ്കിലെന്താ.. നല്ല ഒരു ഓപ്പണിംഗ്‌ അല്ലേ. സമ്മതിച്ചു. തേയില കടം തരാം, ആഴ്ച്ച തോറും പിരിവ്‌ എത്തിക്കണം. ഗോപാലകൃഷ്ണന്‍ വെളുക്കെ ചിരിച്ചു. കെട്ടിപ്പിടിച്ച്‌ ടാറ്റാ പറഞ്ഞ്‌ ഒരു വലിയ കെട്ട്‌ മാലുമായി ആലപ്പുഴയ്ക്ക്‌ വണ്ടി കേറി.
ആദ്യമൊക്കെ എല്ലാ ആഴ്ച്ചയിലും പൈസ കൃത്യമായി എത്തിയിരുന്നു. പിന്നീട്‌ ചോദിച്ചാലെ തരൂ എന്നായി. അവസാനം അത്‌ സംഭവിച്ചു. കുറച്ച്‌ കൂടുതല്‍ പണം അയാളുടെ കയ്യില്‍ ആയി. അയാള്‍ ഞങ്ങളുടെ അടുത്ത്‌ വരാതെയുമായി.ഞങ്ങളുടെ സാമം, വേദം തുടങ്ങിയ പദ്ധതികള്‍ എല്ലാം നിഷ്‌പ്രഭമാക്കി അയാള്‍ കൂളായി ജീവിച്ചു പോന്നു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഇടയ്ക്കിടെ ഞങ്ങളുടെ പാര്‍ട്ട്‌ണറും അയാളെ തിരക്കി പോയിരുന്നു. പക്ഷേ ഒരിക്കലും നേരിട്ട്‌ കാണാന്‍ പറ്റിയതുമില്ല.
ഒടുവില്‍ ഞങ്ങള്‍ കുറച്ചു പേര്‍ കൂടി അയാളുടെ വീട്ടില്‍ പോകാമെന്നു തീരുമാനിച്ചു. കൂട്ടിന്‌ എന്റെ എക്സ്‌-മിലിറ്ററി അമ്മാവനേയും സുഹൃത്തായ ഒരു ഫോട്ടൊഗ്രാഫറേയും കൂട്ടി ഞങ്ങള്‍ അഞ്ചുപേരും കൂടി സെയില്‍സ്‌ വാനില്‍ യാത്രയായി. കുട്ടനാട്ടില്‍ വണ്ടിയെത്തി. ഒരു തോടിന്റെ കരയില്‍ വണ്ടിയിട്ടിട്ട്‌ നടന്നു. പേടിപ്പെടുത്തുന്ന രണ്ട്‌ തടിപ്പാലമുള്‍പ്പടെ 45 മിനിറ്റ്‌ നടപ്പ്‌. നടന്ന് ക്ഷീണിച്ച്‌ ഒടുവില്‍ അവിടെയെത്തി. വീട്‌ കണ്ടപ്പോഴെ കാശ്‌ തിരികെ കിട്ടുമെന്ന എന്റെ പ്രതീക്ഷ എവിടെയ്ക്കോ പോയ്‌മറഞ്ഞു. എന്നാലും പ്രതീക്ഷ കൈ വിടാതെ ഗോപാലകൃഷ്ണനെ അന്വേഷിച്ചു. ഞങ്ങള്‍ എവിടെന്നാണെന്ന് അറിഞ്ഞ ഉടന്‍ പറഞ്ഞു 'അദ്ദേഹം ഇവിടില്ല'അയാളുടേതെന്ന് ഇപ്പോഴും ഞങ്ങള്‍ വിശ്വസിക്കുന്ന ചെരിപ്പ്‌ വീടിന്‌ പുറത്തുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇറയത്ത്‌ ഇരിപ്പുറപ്പിച്ചു. പക്ഷേ സാമ്പത്തിക ഇടപാട്‌ അറിയാമായിരുന്ന ഭാര്യയും അനുജത്തിയും ഇല്ലായെന്ന്‌ ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറഞ്ഞ്‌ വാതില്‍ കൊട്ടിയടച്ചു.
കുറച്ചു നേരം അവിടെ കാത്തിരുന്നിട്ട്‌ ഉറക്കെ വഴക്കും പറഞ്ഞ്‌ ഞങ്ങള്‍ തിരിച്ച്‌ നടന്നു. ഞങ്ങളുടെ സുഹൃത്ത്‌ ഫോട്ടോഗ്രാഫര്‍ അവരുടെ അടുത്ത്‌ ചെന്ന് എന്തോ പറയുന്നത്‌ കണ്ടിരുന്നു പക്ഷേ ഞങ്ങള്‍ക്ക്‌ അത്‌ മനസ്സിലായിരുന്നില്ല.

രണ്ടു ദിവസം കഴിഞ്ഞ്‌ പൈസ വാങ്ങാനായി ബൈക്കില്‍ അവിടേയ്ക്ക്‌ ചെന്ന ഞങ്ങളുടെ പാര്‍ട്‌ണര്‍ അന്നു തിരികേ വന്നില്ല. ഇയാള്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ പോലീസ്‌ ഒരു മഹസ്സര്‍ തയ്യാറാക്കുകയായിരുന്നു. ടി കേസിന്റെ ഒന്നാം പ്രതിയായ ടിയാന്‍ അവിടെ നേരിട്ട്‌ ഹാജരായതിനാല്‍ അറസ്റ്റ്‌ ചെയ്ത്‌ പോലിസ്‌ ബോട്ടില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി. അടുത്ത ദിവസം മറ്റുപ്രതികളെ അമ്പലപ്പുഴ സി. ഐ. ഓഫിസില്‍ എത്തിച്ചോളാമെന്ന ഉറപ്പിലാണ്‌ വിട്ടയച്ചത്‌. പോക്കറ്റില്‍ കുറച്ചു പണം ഉണ്ടായിരുന്നതിനാല്‍ രാത്രി ഇടിയൊന്നും കൊള്ളേണ്ടി വന്നില്ലത്രേ..

കേസ്‌ ഇതായിരുന്നു...' പുരുഷന്മാര്‍ ഇല്ലാത്ത സമയത്ത്‌ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന കുറച്ച്‌ ഗുണ്ടകള്‍ ഭാര്യയെ ഭീഷിണിപ്പെടുത്തി. എസ്‌.പി.യുടെ ബന്ധു ആണെന്ന് പറഞ്ഞാണ്‌ ഇതൊക്കെ ചെയ്തതത്രെ..' ( ഭാഗ്യം..പീഢനമെന്നോ മറ്റോ അവര്‍ മൊഴിഞ്ഞിരുന്നേല്‍ പിന്നെ ഞങ്ങളുടെ കാര്യം കട്ടപ്പുകയാകുമായിരുന്നേനേ..)
അടുത്ത ദിവസം അമ്പലപ്പുഴ സി.ഐ. യുടെ മുന്‍പില്‍ വളിച്ച മുഖവുമായി നിരന്നു നില്‍ക്കാന്‍ ഞങ്ങളോടൊപ്പം പാവം എക്സ്‌ സര്‍വീസ്‌ അമ്മാവനുമുണ്ടായിരുന്നു. സത്യമെല്ലാം അദ്ദേഹത്തെ പറഞ്ഞ്‌ ബോധ്യപ്പെടുത്തി ഒരുവിധത്തില്‍ തടിയൂരി പോന്നുവെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ..
ഫോട്ടോഗ്രാഫര്‍ പറ്റിച്ച പണിയായിരുന്നൂ എസ്സ്‌.പി. കഥ. അയാളുടെ കൈയില്‍ ഉണ്ടായിരുന്ന പേര്‍സില്‍ ഒരു സുഹൃത്തിന്റെ കസിന്റെ ഫോട്ടോയുണ്ടായിരുന്നു. കോപ്പിയെടുക്കാനോ മറ്റോ കൊടുത്തിരുന്നതാണ്‌. പൈസ തരാന്‍ ഒരു ചൂട്‌ വരട്ടെയെന്നു കരുതി അവന്‍ പറഞ്ഞത്‌ ഇങ്ങനെയാണത്രെ...
'ഞാന്‍ ഈ ഫോട്ടോയിലെ എസ്‌.പി.യുടെ അനിന്തരവനാണ്‌. പൈസ പെട്ടെന്ന്‌ കൊടുത്തില്ലെങ്കില്‍ ഇനി ഇവിടെ പോലീസാവും വരണത്‌.'
ഇതറിഞ്ഞ ഗോപാലകൃഷ്‌ണന്‍ നേരെ എസ്‌.പിക്കാണു പരാതി കൊടുത്തത്‌. ഇല്ലാത്ത ബന്ധുവിന്റെ കാര്യം കൂടി പറഞ്ഞപ്പോള്‍ ഇരട്ടി ദേക്ഷ്യത്തിലായ എസ്സ്‌.പി അദ്ദ്യെം കേസ്‌ ചാര്‍ജ്ജ്‌ ചെയ്യാന്‍ ലോക്കല്‍ സ്റ്റേഷനില്‍ നേരിട്ട്‌ വിളിച്ച്‌ പറയുകായിരുന്നത്രേ..

പിന്നീട് വളരെക്കാലം തേയിലയോടും, തേയില ബിസിനസ്സിനോടും വിരക്തി തോന്നാന്‍ മറ്റു കാരണമൊന്നും ഞങ്ങള്‍ക്ക്‌ വേണ്ടി വന്നില്ല. ഗോപാലകൃഷ്ണന്‍ പിന്നീട്‌ വന്നിട്ടുമില്ല. ഞങ്ങള്‍ പൈസക്കായി അവിടെ ചെന്നിട്ടുമില്ല.

പണ്ടൊരു പൂച്ച പറഞ്ഞതു മാതിരി..
"ഇടിയന്‍ വീണതു മുതല്‍ മധുര ഫലത്തിന്റെ ആശ കെട്ടു.."

Wednesday, October 25, 2006

‍കെ. ബി. ഗണേഷ്‌കുമാര്‍‍

വളരെ ചുരുക്കം വ്യക്തികള്‍ മാത്രമേ മന്ത്രിക്കസേരയില്‍ വരുമ്പോള്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ളൂ. അതിലൊന്നാണ്‌ ശ്രീ. ഗണേഷ്‌കുമാര്‍. ഗതാഗതമന്ത്രിയായിരിക്കുമ്പോള്‍ കെ എസ്സ്‌ ആര്‍ ടി സി യുടെ മുഖഛായ തന്നെ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. കോര്‍പ്പറേഷന്‍ എന്നു പറയുന്നത്‌ ജീവനക്കാരുടെ സ്വന്തമാണ്‌, അത്‌ നിലനില്‍ക്കണം എന്ന ഫീലിങ്ങ്‌ വരുത്തിയെടുത്തത്‌ രാഷ്ട്രീയത്തിന്‌ അതീതമായിട്ടായിരുന്നു. നല്ല ഒരു ഇമേജ്‌ നില നിര്‍ത്തിക്കൊണ്ടാണ്‌ മന്ത്രിസ്ഥാനം അദ്ദേഹം ഉപേക്ഷിച്ചത്‌. ഇതൊക്കെ പഴയ കഥ.

പക്ഷേ ഈ കഴിഞ്ഞ ദിവസം ദിവംഗതായായ ശ്രീവിദ്യ യുടെ വില്‍പത്രത്തില്‍ അവരുടെ സ്വത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ച്‌ ഒരു ട്രസ്റ്റ്‌ രൂപീകരിക്കണമെന്നും അതിന്‌ നേതൃത്വം ഗണേഷ്‌കുമാര്‍ തന്നെ ഏറ്റെടുക്കണം എന്നത്‌ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ അദ്ദേഹത്തെപ്പറ്റി കുറച്ചുകൂടി ബഹുമാനം തോന്നിയിരുന്നു. അതൊന്ന്‌ കുറിച്ച് നാലുപേരുടെ അഭിപ്രായം കേള്‍ക്കണമെന്നും വിചാരിച്ചാണ് ഇതെഴുതിയത്‌.

അകാലത്തില്‍ മരണമടഞ്ഞ ശ്രീവിദ്യക്ക്‌ ശരിയെന്നു തോന്നിയത്‌ വളരെ വളരെ ശരിയെന്ന്‌ എനിക്കും തോന്നുന്നു. ഈ ഉദ്യമത്തില്‍ എല്ലാ വിധ ഭാവുകങ്ങളും ശ്രീ ഗണേഷ്‌കുമാറിന് നേര്‍ന്നുകൊള്ളുന്നു. ശ്രീമതി ശ്രീവിദ്യക്ക്‌ ആദരാഞ്ജലികളും

Sunday, September 24, 2006

കോളേജനുഭവം നംബ്ര: ടു

യൂണിയന്‍ ഉത്ഘാടനത്തിന്‌ ഒരു തട്ടിക്കൂട്ട്‌ പരിപാടി ഉണ്ടായിരുന്നു.
മജീഷ്യന്‍ സുന്ദറിന്റെ (പേര് ഇതല്ല) മാജിക്കും മാസ്മരിസവും.

കുറച്ച്‌ കാലമായി അധികം സ്റ്റേജുകളില്ലാത്തതു കൊണ്ട്‌ ഖലാസി പണിയുമായി ജീവിക്കുകയായിരുന്നു സുന്ദര്‍. ആര്‍ട്ട്സ്‌ ക്ലബ്ബ്‌ സെക്രട്ടറിയുടെ നിര്‍ബന്ധത്തില്‍ പഴയ വേഷമെല്ലാം പൊടിതട്ടി അണിഞ്ഞ്‌ പ്രോഗ്രാം ആരംഭിച്ചു.

സുന്ദറിന്റെ മെലിഞ്ഞ രൂപവും ചിത്ര പണികളുള്ള വേഷവും മറ്റും കണ്ട്‌ കൂവല്‍ അതിന്റെ ഉച്ചസ്‌തായിയില്‍ നടന്നു കൊണ്ടിരിക്കുന്നു.

"അടുത്ത ഐറ്റം.. നാരോ എസ്കേപ്പ്‌..""ദയവായി ഈ കോളേജിലെ ഏറ്റവും ശക്തിമാന്മാരായ രണ്ടുപേര്‍ കടന്നു വരണം."

ജഗജില്ലന്മാര്‍ രണ്ടെണ്ണം സ്റ്റേജില്‍ റെഡി. സുന്ദര്‍ ഒരു കട്ടിയുള്ള കയര്‍ എടുത്ത്‌ കഴുത്തിലൂടെ പ്രത്യേക രീതിയില്‍ ചുറ്റി രണ്ടറ്റവും ഓരോരുത്തരുടെ കൈയിലും കൊടുത്തു.

"പ്രീയപ്പെട്ടവരെ, നിങ്ങളുടെ ഈ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കൂ... അവര്‍ക്കാവുന്നപോലെ ശ്രമിക്കട്ടെ."

സിഗ്നല്‍ കിട്ടിയതും രണ്ടു തടിമാടന്മാരും സര്‍വ്വശക്തിയുമായി വലിക്കാന്‍ തുടങ്ങി. മൂന്ന് സെക്കന്റുകള്‍ പോലും ആയില്ല. സുന്ദറിന്റെ കണ്ണുകള്‍ തള്ളി വരുന്നു. ആക്റ്റിംഗ്‌ ആണെന്നും അല്ലെന്നും പല അഭിപ്രായങ്ങള്‍... (കെട്ട്‌ മാറി കടും കെട്ട്‌ വീണിരുന്നെന്ന്‌ പിന്നീട്‌ അറിഞ്ഞു) . കൂവലുകള്‍ക്കും കൈയ്യടികള്‍ക്കും ഇടയില്‍ രണ്ടു നിമിഷത്തിനകം കര്‍ട്ടനും വീണു. അയാള്‍ വന്ന ജീപ്പില്‍ തന്നെ എടുത്തിട്ട്‌ ആശുപത്രിയിലേക്ക്‌ പാഞ്ഞു.. ഏതായാലും പിന്നീട്‌ ഈ നമ്പര്‍ മറ്റൊരിടത്തും കാണിച്ചിട്ടില്ലത്രേ... നാരോ എസ്കേപ്പ്‌ ആയിരുന്നല്ലോ...........

Thursday, September 21, 2006

കോളേജനുഭവം നംബ്ര: വണ്‍

എന്റെ കോളേജിലെ രണ്ടാം വര്‍ഷം, സക്ഷരതാ പദ്ധതിയുടെ ഉത്ഘാടനത്തിനോട്‌ അനുബന്ധിച്ച്‌ നഗരത്തില്‍ക്കൂടി ഒരു സാംസ്കാരിക ഘോഷയാത്രയുണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ഘോഷയാത്രയില്‍ കോളേജിനെ പ്രതിനിധീകരിച്ച് ഞങ്ങളും ഒരു പ്ലോട്ട്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോളേജിലെ ചുറുചുറുക്കന്‍ സോമന്‍സാറിന്റെ ബുദ്ധിയില്‍ ഉദിച്ച ചെറുശ്ശേരിയുടെ ചതുരംഗമാണ്‌ വിഷയം.

മഹാരാജാവും ചെറുശ്ശേരിയും ചതുരംഗം കളിക്കുന്നു.
രാജ്ഞി അടുത്ത്‌ തൊട്ടിലാട്ടിക്കൊണ്ട്‌ കുഞ്ഞിനെ ഉറക്കുന്നു.
കളിയില്‍ ശ്രദ്ധിച്ചിരുന്ന രാജ്ഞി രാജാവിന്റെ വിജയത്തിനായി അടുത്ത നീക്കം മൂളിപ്പാട്ടിന്റെ രൂപത്തില്‍ പാടുന്നു.

" ഉന്തുന്തു..ന്തുന്തുന്തു..ന്തുന്തുന്തു..ന്തുന്തുന്തു..
ന്തുന്തുന്തു..ന്തുന്തുന്തു..ന്താളെയുന്ത്‌.."


മഹാരാജാവിന്‌ അത്‌ മനസ്സിലായി കരു നീക്കുന്നു. അദ്ദേഹം ജയിക്കുന്നു.

പില്‍ക്കാലത്ത്‌ രൂപം കൊണ്ട ഒരു കാവ്യത്തിന്റെ നിശ്ചലദൃശ്യാവിഷ്ക്കാരം.

ഉണങ്ങിമെലിഞ്ഞിരുന്ന ഞങ്ങള്‍ക്കിടയില്‍ നിന്ന് അല്‍പ്പം മാംസമുള്ള സജീവിനെ ചെറുശ്ശേരിയാക്കി. രാജാ പാര്‍ട്ടിനായി തപ്പി നടന്ന് ഒടുവില്‍ കണ്ടെത്തിയത്‌ ആര്‍. സി. നായര്‍ സാറിനെയായിരുന്നു. വെളുത്ത്‌ തുടുത്ത്‌ നല്ല തടിയുള്ള സാറിനെ ഒരു വിധം സമ്മതിപ്പിച്ച്‌ മേക്കപ്പ്‌മാന്റെ മുന്‍പിലെത്തിച്ചു.

" ഹായ്‌.. ഗംഭീരം..അസ്സല്‍ മഹാരാജാവ്‌ തന്നെ... " സാറിന്റെ വേഷം കണ്ട എല്ലാവരും പറഞ്ഞു. രാജ്ഞിയാവാന്‍ ഞങ്ങളുടെ വൈസ്‌ ചെയര്‍മാനും തയ്യാറായി.

കോളേജിലെ കുറച്ചു ബഞ്ചുകളും കയറ്റിയുണ്ടാക്കിയ താല്‍കാലിക സ്റ്റേജുമായി മിനിലോറിയുമെത്തി.
റ്റേപ്പ്‌ ഓണ്‍.. രാജ്ഞി പാടാന്‍ തുടങ്ങി.. മഹാരജാവും ചെറുശ്ശേരിയും കളിയും..
ഘോഷയാത്ര തുടങ്ങി.
മുദ്രാവാക്യങ്ങളുമായി ലോറിയുടെ പിന്നാലെ ഞങ്ങളും..

നന്നായി ചുവന്നു തുടുത്തിരുന്ന രാജാവ്‌ ഇടയ്ക്കിടെ മാറിയിരിക്കുന്നുണ്ടായിരുന്നു.
മുഖത്തെ ഗാംഭീര്യത്തിന്‌ ഒരു കുറവുമില്ല.
എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് ഞങ്ങളുടെ പ്ലോട്ട്‌. ചിലര്‍ ഫോട്ടോയും എടുക്കുന്നു‌.

കുറച്ചുകഴിഞ്ഞപ്പോള്‍ മഹാരാജാവ്‌ ആംഗ്യത്തില്‍ വെള്ളം ചോദിച്ചു. മേക്കപ്പ്‌ ഇളകാതിരിക്കാന്‍ സ്ട്രോ ഇട്ട്‌ നാരങ്ങാവെള്ളം കൊടുത്തു. പാട്ട്‌ ഉറക്കെ വച്ചിരിക്കുന്നതിനാല്‍ എന്തോ പറഞ്ഞത്‌ കേട്ടില്ല. സ്ട്രോ വലിച്ചെറിഞ്ഞ്‌ ഒറ്റയിറക്കിന്‌ ആ വെള്ളം കുടിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു.

രണ്ട്‌ കിലോമീറ്റര്‍ കൂടി കഴിഞ്ഞാലെ ഘോഷയാത്ര അവസാനിക്കൂ. പെട്ടെന്ന് മഹാരാജാവിന്റെ മുഖം വല്ലാതെചുമന്നിരിക്കുന്നതായി കണ്ടു.

വെയില്‍ മൂലമാണെന്നു കരുതി ഞാന്‍ സാറിനോട്‌ ആംഗ്യം കാട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
" ഇപ്പോള്‍ കഴിയും... "

അദ്ദേഹത്തിന്റെ മുഖത്തെ ഗാംഭീര്യമെല്ലാം എവിടെപ്പോയെന്നറിയില്ല..
വല്ലാതെ വിയര്‍ത്തിട്ടും ഉണ്ട്‌. എന്നെ തുറിച്ചു നോക്കുന്നതും കൂടി കണ്ടപ്പോള്‍ ഞാന്‍ അവിടെ നിന്നും പുറകോട്ട്‌ വലിഞ്ഞു.....

ഘോഷയാത്ര കഴിഞ്ഞു.
രാജ്ഞിയും ചെറുശ്ശേരിയും തല തല്ലി ചിരിച്ച്‌ വായും പൊത്തി പുറകോട്ട്‌ ഓടുന്നു‌.
സാറിന്റടുത്ത്‌ ഒരാള്‍ക്കൂട്ടവും. കാണുന്നവനെയൊക്കെ ചീത്ത പറഞ്ഞ്‌ സാര്‍ നിന്ന് തുള്ളുന്നു. കാര്യമറിയാതെ അന്തം വിട്ടുനിന്ന ഞങ്ങളേയും വെറുതെ വിട്ടില്ല.

"നീയൊക്കെ ഈ ചതി ചെയ്യാനാണല്ലേ.. എന്നെ.... പൊക്കി കേറ്റി വിട്ടത്‌..??"-------
അദ്ദേഹത്തിന്റെ ഇരിപ്പിട പിന്‍ഭാഗമെല്ലാം ചുവന്നു തണിര്‍ത്തിരിക്കുന്നു..

സംഭവിച്ചത്:

വണ്ടിയിലെ താല്‍ക്കാലിക സ്റ്റേജ്‌ ബഞ്ചുകള്‍ കൂട്ടിയിട്ട്‌ ഉണ്ടാക്കിയതായിരുന്നു. അതിനു മുകളില്‍ വെളുത്ത തുണിയും വിരിച്ചാണ്‌ രാജാവിനേയും ചെറുശ്ശേരിയേയും ഇരുത്തിയിരുന്നത്‌.
എന്നാല്‍ സാറിന്റെ ശരീര ശാസ്ത്രം ഒരു ബെഞ്ചിന്റെ വീതിയില്‍ ഒതുങ്ങുന്നതായിരുന്നില്ല.

വണ്ടി ഓടിത്തുടങ്ങുമ്പോള്‍ ബഞ്ചുകളും അനങ്ങും അവ സാറിനെ പിച്ചും..

സാര്‍ എങ്ങോട്ട്‌ മാറിയിരുന്നിട്ടും നോ ചേഞ്ച്‌...

... അവ പിച്ചോട്‌.. പിച്ച്‌ ...


വാല്‍ക്കഷ്ണം:

ടാബ്ലോ ഒന്നാം സമ്മാനം ഞങ്ങള്‍ക്കായിരുന്നു.

Tuesday, September 12, 2006

ബഹുമാനിക്കാന്‍..

സര്‍,
ഞാന്‍ ബഹുമാനിക്കാന്‍ പഠിക്കുകയാണ്‌.
അനുഗ്രഹം വേണം.
ഒരു ശരാശരി കേരളീയന്റെ ശീലങ്ങളില്‍ ബഹുമാനം വളരെ കുറയുന്നതായി ഈയിടെ ബി.ബി.സി. റിപ്പോര്‍ട്ട്‌ ചെയ്തിരുന്നല്ലോ?..
(ങ്‌ ഹേ..പറഞ്ഞേയില്ലന്നോ..? എന്നാ വഴിയേ പറയുമായിരിക്കും..)
വഴിയിലും പരിസരത്തും തുപ്പി വൃത്തികേടാക്കുക, ആരേപ്പറ്റിയും സധൈര്യം കുറ്റം പറയുക തുടങ്ങി ചില നല്ല ശീലങ്ങള്‍ ഉണ്ടെങ്കിലും ബഹുമാനം തീരെയില്ലെന്നതാണ്‌ പ്രശ്നം.

ഞാന്‍ പഠിക്കേണ്ടുന്ന ആദ്യ സെമസ്റ്റര്‍ പാഠ്യ ഭാഗങ്ങള്‍..

1. നന്ദിയും ക്ഷമാപണവും ഒരു ലോഭവുമില്ലാതെ വിതരണം ചെയ്യാന്‍ തയ്യാറാവണം.
(സായിപ്പിന്റെ സോറിയേയും മറ്റും കുറ്റം പറഞ്ഞ്‌ നാം എല്ലാം മറന്നെന്ന്.)

2. സ്വന്തം പോക്കറ്റിനേക്കാളുപരി ദേശത്തെ സ്നേഹിക്കുക, സേവിക്കുക.
(രാഷ്ട്രീയം, സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരില്‍ ചിലര്‍ക്കു ഇളവുകളുണ്ട്‌.)

3. നാടും പരിസരവും ചൂഷണം ചെയ്തുതീര്‍ക്കാതിരിക്കുക.
(പാറയും, മണലും, ചരലും ഊറ്റിയെടുക്കുന്നത്‌ കണ്ടാല്‍ നമുക്ക്‌ ശേഷം പ്രളയം ആണോയെന്ന് തോന്നും.)

4. കുഞ്ഞുങ്ങളുടെ മുന്‍പില്‍ മാതൃകാ പുരുഷോത്തമന്മാരാവുക.
(മദ്യപാന്മാരുടെ കാറ്യത്തില്‍ അതിനും ഇളവുണ്ടെന്ന്)

അഞ്ചാമത്തേത്‌ വളരെ കട്ടിയാണ്‌ അതായത്‌ പത്രപാരായണവും ന്യൂസ്‌ ചാനലുകള്‍ കാഴ്ച്ചയും കുറയ്ക്കുകയെന്നത്‌...
(വിവരം കുറഞ്ഞാല്‍ ചിലപ്പോള്‍ കേരളം രക്ഷപ്പെടുമോയെന്ന പരീക്ഷണത്തിനാണ്‌ ഇതെന്നും പറയുന്നുണ്ട്‌.)

Sunday, September 10, 2006




ഈ ഓണവും കഴിയുന്നു...


ആറന്മുള ഉത്രുട്ടാതി വള്ളംകളിയും... കോട്ടയം താഴത്തങ്ങാടി വള്ളംകളിയും ... കഴിഞ്ഞു..
ഇതോടെ ഈ വര്‍ഷത്തെ ഓണവും കഴിയുകയാണ്...
വള്ളം കളിയിലാണ് സന്തോഷം ശരിക്കും കാണാന്‍ കഴിഞ്ഞത്...
ജനങ്ങള്‍ ശരിക്കും സന്തോഷിക്കുന്നു... ഒരു ക്റിത്രിമവും ഇല്ലാതെ....

Thursday, August 24, 2006

രവീന്ദ്ര സംഗീതം
നമ്മുടെ പ്രിയ രവീന്ദ്രന്‍ മാഷിന്റെ ചില പാട്ടുകള്‍ നമുക്ക്‌ ഒന്നു ഓര്‍ത്താലോ... അതില്ലാതെന്തോണം?
1. മാമാങ്കം...

ഗാനരചന: ബിച്ചുതിരുമല സംഗീതം: രവീന്ദ്രന്‍ പാടിയത്‌: യേശുദാസ്‌

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരള പഴമചരിതമെഴുതിയൊരു
ഭാരത പുഴതന്‍ അരിയ മണല്‍തരികളേ
പറയുക പറയുക നിണമെഴുതിയ കഥ
(മാമാങ്കം...)

അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടു നിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്ക്‌ ചീന്തേരിടാന്‍
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയൂ... (മാമാങ്കം...)

സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിളനീരിലിന്ന് മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിക്കരങ്ങേറുവാന്‍
അരിയ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ.. പറയു
(മാമാങ്കം...)


തിരുത്തുണ്ടോ.. ബൂലോകരേ?
രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ ക്ഷണിക്കുന്നു...
വൈക്കന്‍