Saturday, October 20, 2007

വിഷ്ണുവിന്റെ വിദ്യാരംഭമാണ് ..... അനുഗ്രഹിക്കണം


ഒക്ടോബര്‍ 21 ന്‌ ഞങ്ങളുടെ മോന്‍ വിഷ്ണുവും ആദ്യാക്ഷരം കുറിക്കുകയാണ്‌. എല്ലാവരും അവനെ അനുഗ്രഹിക്കുമല്ലോ?

Monday, September 03, 2007

അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായ്....

പഴക്കുലകളും, വള്ളംകളി പാട്ടുമാ‍യി അഷ്ടമിരോഹിണി വള്ളസദ്യയ്ക് പോകുന്ന ഒരു പള്ളിയോടം......
ആറാട്ടുപുഴയില്‍ നിന്നുള്ള ഒരു ദൃശ്യം

Saturday, April 14, 2007

വിഷുക്കൈനീട്ടം


ഹായ്........ എല്ലാരും എത്തിയല്ലോ.....
ദാ.. ഇതങ്ങ്ട് പിടിക്ക്യ...


പിന്നൊരു കാര്യം.......

വെറുതെ അതുമിതുമൊക്കെ വാങ്ങി ഇത് ചിലവാക്കി കളയരുത്......

വയറു നിറച്ചു` എന്തെങ്കിലുമൊക്കെ വാങ്ങി കഴിച്ചിട്ട് മിച്ചം വീട്ടിലേപ്പിക്ക്ണം... ട്ടോ.....

Wednesday, November 22, 2006

വിശദീകരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍...

ഇതറിയാമോ?

കുരുത്തംകെട്ടോനും കുരുത്തംകെട്ടോനും ഒരു വഴി.
മര്യാദക്കാരനും കുരുത്തംകെട്ടോനും രണ്ട്‌ വഴി.
മര്യാദക്കാരനും മര്യാദക്കാരനും മൂന്ന് വഴി.

വിശദീകരിച്ച്‌ തരുന്നവരില്‍ നിന്ന് ഒന്നാം സമ്മാനം ഒരു കമ്മല്‍
രണ്ടാം സമ്മാനം ഒരു കണ്ണട

Friday, November 10, 2006

ഗോപാലകൃഷ്ണചരിതം

ഗോപാലകൃഷ്ണന്‍ എന്ന പേര്‌ കേട്ടാല്‍ ഊണിലും ഉറക്കത്തിലും ഞെട്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു!
കോളേജ്‌ ജീവിതം കഴിഞ്ഞ്‌ ബിസ്സിനസ്സില്‍ കാലുറപ്പിക്കാനായി ചെളിയുള്ള സ്ഥലങ്ങളില്‍ മാത്രം കൃത്യമായി ചവിട്ടിക്കൊണ്ടിരുന്ന സമയം. അവസാനം തേയില വ്യാപാരത്തില്‍ ചെന്നു ചേര്‍ന്നു.
ആഹാ... എന്തൊരു റെസ്പോണ്‍സ്‌..!! ചാക്കില്‍ വരുന്നു. പ്ലാസ്റ്റിക്ക്‌ പാക്കില്‍ പോവുന്നു. എല്ലാവര്‍ക്കും നല്ല അഭിപ്രായം. 'ഇത്തിരി ഇട്ടാല്‍ മതി ഒത്തിരി ചായ തരും' എന്ന ആപ്തവാക്യം ഞങ്ങള്‍ പാണരെ പോലെ നാടെങ്ങും പാടി നടന്നു.

ആയിടയ്ക്കാണ്‌ ഞങ്ങളില്‍ ഒരു പാര്‍ടണറിന്റെ അകന്ന ബന്ധുവായ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ എന്ന കുട്ടനാടുകാരന്‍ പരിചയം പുതുക്കാന്‍ വരുന്നത്‌. തേയില അദ്ദേഹത്തിന്‌ ഒരു വീക്ക്നെസ്‌ ആണത്രെ.. ആലപ്പുഴയിലെ മിക്ക ചായക്കടക്കാരും, പലചരക്ക്‌കച്ചവടക്കാരും അടുത്ത പരിചയക്കാരും ആയതിനാല്‍ എത്ര വേണേലും സാധനം വിറ്റു തരും. പക്ഷേ ഡിപ്പോസിറ്റിനും മറ്റും പണം ഇല്ല. ഞങ്ങള്‍ കൂലം കഷമായും കഷണമായും ആലോചിച്ചു. ഡെപ്പോസിറ്റ്‌ ഇല്ലെങ്കിലെന്താ.. നല്ല ഒരു ഓപ്പണിംഗ്‌ അല്ലേ. സമ്മതിച്ചു. തേയില കടം തരാം, ആഴ്ച്ച തോറും പിരിവ്‌ എത്തിക്കണം. ഗോപാലകൃഷ്ണന്‍ വെളുക്കെ ചിരിച്ചു. കെട്ടിപ്പിടിച്ച്‌ ടാറ്റാ പറഞ്ഞ്‌ ഒരു വലിയ കെട്ട്‌ മാലുമായി ആലപ്പുഴയ്ക്ക്‌ വണ്ടി കേറി.
ആദ്യമൊക്കെ എല്ലാ ആഴ്ച്ചയിലും പൈസ കൃത്യമായി എത്തിയിരുന്നു. പിന്നീട്‌ ചോദിച്ചാലെ തരൂ എന്നായി. അവസാനം അത്‌ സംഭവിച്ചു. കുറച്ച്‌ കൂടുതല്‍ പണം അയാളുടെ കയ്യില്‍ ആയി. അയാള്‍ ഞങ്ങളുടെ അടുത്ത്‌ വരാതെയുമായി.ഞങ്ങളുടെ സാമം, വേദം തുടങ്ങിയ പദ്ധതികള്‍ എല്ലാം നിഷ്‌പ്രഭമാക്കി അയാള്‍ കൂളായി ജീവിച്ചു പോന്നു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഇടയ്ക്കിടെ ഞങ്ങളുടെ പാര്‍ട്ട്‌ണറും അയാളെ തിരക്കി പോയിരുന്നു. പക്ഷേ ഒരിക്കലും നേരിട്ട്‌ കാണാന്‍ പറ്റിയതുമില്ല.
ഒടുവില്‍ ഞങ്ങള്‍ കുറച്ചു പേര്‍ കൂടി അയാളുടെ വീട്ടില്‍ പോകാമെന്നു തീരുമാനിച്ചു. കൂട്ടിന്‌ എന്റെ എക്സ്‌-മിലിറ്ററി അമ്മാവനേയും സുഹൃത്തായ ഒരു ഫോട്ടൊഗ്രാഫറേയും കൂട്ടി ഞങ്ങള്‍ അഞ്ചുപേരും കൂടി സെയില്‍സ്‌ വാനില്‍ യാത്രയായി. കുട്ടനാട്ടില്‍ വണ്ടിയെത്തി. ഒരു തോടിന്റെ കരയില്‍ വണ്ടിയിട്ടിട്ട്‌ നടന്നു. പേടിപ്പെടുത്തുന്ന രണ്ട്‌ തടിപ്പാലമുള്‍പ്പടെ 45 മിനിറ്റ്‌ നടപ്പ്‌. നടന്ന് ക്ഷീണിച്ച്‌ ഒടുവില്‍ അവിടെയെത്തി. വീട്‌ കണ്ടപ്പോഴെ കാശ്‌ തിരികെ കിട്ടുമെന്ന എന്റെ പ്രതീക്ഷ എവിടെയ്ക്കോ പോയ്‌മറഞ്ഞു. എന്നാലും പ്രതീക്ഷ കൈ വിടാതെ ഗോപാലകൃഷ്ണനെ അന്വേഷിച്ചു. ഞങ്ങള്‍ എവിടെന്നാണെന്ന് അറിഞ്ഞ ഉടന്‍ പറഞ്ഞു 'അദ്ദേഹം ഇവിടില്ല'അയാളുടേതെന്ന് ഇപ്പോഴും ഞങ്ങള്‍ വിശ്വസിക്കുന്ന ചെരിപ്പ്‌ വീടിന്‌ പുറത്തുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇറയത്ത്‌ ഇരിപ്പുറപ്പിച്ചു. പക്ഷേ സാമ്പത്തിക ഇടപാട്‌ അറിയാമായിരുന്ന ഭാര്യയും അനുജത്തിയും ഇല്ലായെന്ന്‌ ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറഞ്ഞ്‌ വാതില്‍ കൊട്ടിയടച്ചു.
കുറച്ചു നേരം അവിടെ കാത്തിരുന്നിട്ട്‌ ഉറക്കെ വഴക്കും പറഞ്ഞ്‌ ഞങ്ങള്‍ തിരിച്ച്‌ നടന്നു. ഞങ്ങളുടെ സുഹൃത്ത്‌ ഫോട്ടോഗ്രാഫര്‍ അവരുടെ അടുത്ത്‌ ചെന്ന് എന്തോ പറയുന്നത്‌ കണ്ടിരുന്നു പക്ഷേ ഞങ്ങള്‍ക്ക്‌ അത്‌ മനസ്സിലായിരുന്നില്ല.

രണ്ടു ദിവസം കഴിഞ്ഞ്‌ പൈസ വാങ്ങാനായി ബൈക്കില്‍ അവിടേയ്ക്ക്‌ ചെന്ന ഞങ്ങളുടെ പാര്‍ട്‌ണര്‍ അന്നു തിരികേ വന്നില്ല. ഇയാള്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ പോലീസ്‌ ഒരു മഹസ്സര്‍ തയ്യാറാക്കുകയായിരുന്നു. ടി കേസിന്റെ ഒന്നാം പ്രതിയായ ടിയാന്‍ അവിടെ നേരിട്ട്‌ ഹാജരായതിനാല്‍ അറസ്റ്റ്‌ ചെയ്ത്‌ പോലിസ്‌ ബോട്ടില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി. അടുത്ത ദിവസം മറ്റുപ്രതികളെ അമ്പലപ്പുഴ സി. ഐ. ഓഫിസില്‍ എത്തിച്ചോളാമെന്ന ഉറപ്പിലാണ്‌ വിട്ടയച്ചത്‌. പോക്കറ്റില്‍ കുറച്ചു പണം ഉണ്ടായിരുന്നതിനാല്‍ രാത്രി ഇടിയൊന്നും കൊള്ളേണ്ടി വന്നില്ലത്രേ..

കേസ്‌ ഇതായിരുന്നു...' പുരുഷന്മാര്‍ ഇല്ലാത്ത സമയത്ത്‌ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന കുറച്ച്‌ ഗുണ്ടകള്‍ ഭാര്യയെ ഭീഷിണിപ്പെടുത്തി. എസ്‌.പി.യുടെ ബന്ധു ആണെന്ന് പറഞ്ഞാണ്‌ ഇതൊക്കെ ചെയ്തതത്രെ..' ( ഭാഗ്യം..പീഢനമെന്നോ മറ്റോ അവര്‍ മൊഴിഞ്ഞിരുന്നേല്‍ പിന്നെ ഞങ്ങളുടെ കാര്യം കട്ടപ്പുകയാകുമായിരുന്നേനേ..)
അടുത്ത ദിവസം അമ്പലപ്പുഴ സി.ഐ. യുടെ മുന്‍പില്‍ വളിച്ച മുഖവുമായി നിരന്നു നില്‍ക്കാന്‍ ഞങ്ങളോടൊപ്പം പാവം എക്സ്‌ സര്‍വീസ്‌ അമ്മാവനുമുണ്ടായിരുന്നു. സത്യമെല്ലാം അദ്ദേഹത്തെ പറഞ്ഞ്‌ ബോധ്യപ്പെടുത്തി ഒരുവിധത്തില്‍ തടിയൂരി പോന്നുവെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ..
ഫോട്ടോഗ്രാഫര്‍ പറ്റിച്ച പണിയായിരുന്നൂ എസ്സ്‌.പി. കഥ. അയാളുടെ കൈയില്‍ ഉണ്ടായിരുന്ന പേര്‍സില്‍ ഒരു സുഹൃത്തിന്റെ കസിന്റെ ഫോട്ടോയുണ്ടായിരുന്നു. കോപ്പിയെടുക്കാനോ മറ്റോ കൊടുത്തിരുന്നതാണ്‌. പൈസ തരാന്‍ ഒരു ചൂട്‌ വരട്ടെയെന്നു കരുതി അവന്‍ പറഞ്ഞത്‌ ഇങ്ങനെയാണത്രെ...
'ഞാന്‍ ഈ ഫോട്ടോയിലെ എസ്‌.പി.യുടെ അനിന്തരവനാണ്‌. പൈസ പെട്ടെന്ന്‌ കൊടുത്തില്ലെങ്കില്‍ ഇനി ഇവിടെ പോലീസാവും വരണത്‌.'
ഇതറിഞ്ഞ ഗോപാലകൃഷ്‌ണന്‍ നേരെ എസ്‌.പിക്കാണു പരാതി കൊടുത്തത്‌. ഇല്ലാത്ത ബന്ധുവിന്റെ കാര്യം കൂടി പറഞ്ഞപ്പോള്‍ ഇരട്ടി ദേക്ഷ്യത്തിലായ എസ്സ്‌.പി അദ്ദ്യെം കേസ്‌ ചാര്‍ജ്ജ്‌ ചെയ്യാന്‍ ലോക്കല്‍ സ്റ്റേഷനില്‍ നേരിട്ട്‌ വിളിച്ച്‌ പറയുകായിരുന്നത്രേ..

പിന്നീട് വളരെക്കാലം തേയിലയോടും, തേയില ബിസിനസ്സിനോടും വിരക്തി തോന്നാന്‍ മറ്റു കാരണമൊന്നും ഞങ്ങള്‍ക്ക്‌ വേണ്ടി വന്നില്ല. ഗോപാലകൃഷ്ണന്‍ പിന്നീട്‌ വന്നിട്ടുമില്ല. ഞങ്ങള്‍ പൈസക്കായി അവിടെ ചെന്നിട്ടുമില്ല.

പണ്ടൊരു പൂച്ച പറഞ്ഞതു മാതിരി..
"ഇടിയന്‍ വീണതു മുതല്‍ മധുര ഫലത്തിന്റെ ആശ കെട്ടു.."

Wednesday, October 25, 2006

‍കെ. ബി. ഗണേഷ്‌കുമാര്‍‍

വളരെ ചുരുക്കം വ്യക്തികള്‍ മാത്രമേ മന്ത്രിക്കസേരയില്‍ വരുമ്പോള്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ളൂ. അതിലൊന്നാണ്‌ ശ്രീ. ഗണേഷ്‌കുമാര്‍. ഗതാഗതമന്ത്രിയായിരിക്കുമ്പോള്‍ കെ എസ്സ്‌ ആര്‍ ടി സി യുടെ മുഖഛായ തന്നെ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. കോര്‍പ്പറേഷന്‍ എന്നു പറയുന്നത്‌ ജീവനക്കാരുടെ സ്വന്തമാണ്‌, അത്‌ നിലനില്‍ക്കണം എന്ന ഫീലിങ്ങ്‌ വരുത്തിയെടുത്തത്‌ രാഷ്ട്രീയത്തിന്‌ അതീതമായിട്ടായിരുന്നു. നല്ല ഒരു ഇമേജ്‌ നില നിര്‍ത്തിക്കൊണ്ടാണ്‌ മന്ത്രിസ്ഥാനം അദ്ദേഹം ഉപേക്ഷിച്ചത്‌. ഇതൊക്കെ പഴയ കഥ.

പക്ഷേ ഈ കഴിഞ്ഞ ദിവസം ദിവംഗതായായ ശ്രീവിദ്യ യുടെ വില്‍പത്രത്തില്‍ അവരുടെ സ്വത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ച്‌ ഒരു ട്രസ്റ്റ്‌ രൂപീകരിക്കണമെന്നും അതിന്‌ നേതൃത്വം ഗണേഷ്‌കുമാര്‍ തന്നെ ഏറ്റെടുക്കണം എന്നത്‌ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ അദ്ദേഹത്തെപ്പറ്റി കുറച്ചുകൂടി ബഹുമാനം തോന്നിയിരുന്നു. അതൊന്ന്‌ കുറിച്ച് നാലുപേരുടെ അഭിപ്രായം കേള്‍ക്കണമെന്നും വിചാരിച്ചാണ് ഇതെഴുതിയത്‌.

അകാലത്തില്‍ മരണമടഞ്ഞ ശ്രീവിദ്യക്ക്‌ ശരിയെന്നു തോന്നിയത്‌ വളരെ വളരെ ശരിയെന്ന്‌ എനിക്കും തോന്നുന്നു. ഈ ഉദ്യമത്തില്‍ എല്ലാ വിധ ഭാവുകങ്ങളും ശ്രീ ഗണേഷ്‌കുമാറിന് നേര്‍ന്നുകൊള്ളുന്നു. ശ്രീമതി ശ്രീവിദ്യക്ക്‌ ആദരാഞ്ജലികളും