Thursday, September 21, 2006

കോളേജനുഭവം നംബ്ര: വണ്‍

എന്റെ കോളേജിലെ രണ്ടാം വര്‍ഷം, സക്ഷരതാ പദ്ധതിയുടെ ഉത്ഘാടനത്തിനോട്‌ അനുബന്ധിച്ച്‌ നഗരത്തില്‍ക്കൂടി ഒരു സാംസ്കാരിക ഘോഷയാത്രയുണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ഘോഷയാത്രയില്‍ കോളേജിനെ പ്രതിനിധീകരിച്ച് ഞങ്ങളും ഒരു പ്ലോട്ട്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോളേജിലെ ചുറുചുറുക്കന്‍ സോമന്‍സാറിന്റെ ബുദ്ധിയില്‍ ഉദിച്ച ചെറുശ്ശേരിയുടെ ചതുരംഗമാണ്‌ വിഷയം.

മഹാരാജാവും ചെറുശ്ശേരിയും ചതുരംഗം കളിക്കുന്നു.
രാജ്ഞി അടുത്ത്‌ തൊട്ടിലാട്ടിക്കൊണ്ട്‌ കുഞ്ഞിനെ ഉറക്കുന്നു.
കളിയില്‍ ശ്രദ്ധിച്ചിരുന്ന രാജ്ഞി രാജാവിന്റെ വിജയത്തിനായി അടുത്ത നീക്കം മൂളിപ്പാട്ടിന്റെ രൂപത്തില്‍ പാടുന്നു.

" ഉന്തുന്തു..ന്തുന്തുന്തു..ന്തുന്തുന്തു..ന്തുന്തുന്തു..
ന്തുന്തുന്തു..ന്തുന്തുന്തു..ന്താളെയുന്ത്‌.."


മഹാരാജാവിന്‌ അത്‌ മനസ്സിലായി കരു നീക്കുന്നു. അദ്ദേഹം ജയിക്കുന്നു.

പില്‍ക്കാലത്ത്‌ രൂപം കൊണ്ട ഒരു കാവ്യത്തിന്റെ നിശ്ചലദൃശ്യാവിഷ്ക്കാരം.

ഉണങ്ങിമെലിഞ്ഞിരുന്ന ഞങ്ങള്‍ക്കിടയില്‍ നിന്ന് അല്‍പ്പം മാംസമുള്ള സജീവിനെ ചെറുശ്ശേരിയാക്കി. രാജാ പാര്‍ട്ടിനായി തപ്പി നടന്ന് ഒടുവില്‍ കണ്ടെത്തിയത്‌ ആര്‍. സി. നായര്‍ സാറിനെയായിരുന്നു. വെളുത്ത്‌ തുടുത്ത്‌ നല്ല തടിയുള്ള സാറിനെ ഒരു വിധം സമ്മതിപ്പിച്ച്‌ മേക്കപ്പ്‌മാന്റെ മുന്‍പിലെത്തിച്ചു.

" ഹായ്‌.. ഗംഭീരം..അസ്സല്‍ മഹാരാജാവ്‌ തന്നെ... " സാറിന്റെ വേഷം കണ്ട എല്ലാവരും പറഞ്ഞു. രാജ്ഞിയാവാന്‍ ഞങ്ങളുടെ വൈസ്‌ ചെയര്‍മാനും തയ്യാറായി.

കോളേജിലെ കുറച്ചു ബഞ്ചുകളും കയറ്റിയുണ്ടാക്കിയ താല്‍കാലിക സ്റ്റേജുമായി മിനിലോറിയുമെത്തി.
റ്റേപ്പ്‌ ഓണ്‍.. രാജ്ഞി പാടാന്‍ തുടങ്ങി.. മഹാരജാവും ചെറുശ്ശേരിയും കളിയും..
ഘോഷയാത്ര തുടങ്ങി.
മുദ്രാവാക്യങ്ങളുമായി ലോറിയുടെ പിന്നാലെ ഞങ്ങളും..

നന്നായി ചുവന്നു തുടുത്തിരുന്ന രാജാവ്‌ ഇടയ്ക്കിടെ മാറിയിരിക്കുന്നുണ്ടായിരുന്നു.
മുഖത്തെ ഗാംഭീര്യത്തിന്‌ ഒരു കുറവുമില്ല.
എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് ഞങ്ങളുടെ പ്ലോട്ട്‌. ചിലര്‍ ഫോട്ടോയും എടുക്കുന്നു‌.

കുറച്ചുകഴിഞ്ഞപ്പോള്‍ മഹാരാജാവ്‌ ആംഗ്യത്തില്‍ വെള്ളം ചോദിച്ചു. മേക്കപ്പ്‌ ഇളകാതിരിക്കാന്‍ സ്ട്രോ ഇട്ട്‌ നാരങ്ങാവെള്ളം കൊടുത്തു. പാട്ട്‌ ഉറക്കെ വച്ചിരിക്കുന്നതിനാല്‍ എന്തോ പറഞ്ഞത്‌ കേട്ടില്ല. സ്ട്രോ വലിച്ചെറിഞ്ഞ്‌ ഒറ്റയിറക്കിന്‌ ആ വെള്ളം കുടിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു.

രണ്ട്‌ കിലോമീറ്റര്‍ കൂടി കഴിഞ്ഞാലെ ഘോഷയാത്ര അവസാനിക്കൂ. പെട്ടെന്ന് മഹാരാജാവിന്റെ മുഖം വല്ലാതെചുമന്നിരിക്കുന്നതായി കണ്ടു.

വെയില്‍ മൂലമാണെന്നു കരുതി ഞാന്‍ സാറിനോട്‌ ആംഗ്യം കാട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
" ഇപ്പോള്‍ കഴിയും... "

അദ്ദേഹത്തിന്റെ മുഖത്തെ ഗാംഭീര്യമെല്ലാം എവിടെപ്പോയെന്നറിയില്ല..
വല്ലാതെ വിയര്‍ത്തിട്ടും ഉണ്ട്‌. എന്നെ തുറിച്ചു നോക്കുന്നതും കൂടി കണ്ടപ്പോള്‍ ഞാന്‍ അവിടെ നിന്നും പുറകോട്ട്‌ വലിഞ്ഞു.....

ഘോഷയാത്ര കഴിഞ്ഞു.
രാജ്ഞിയും ചെറുശ്ശേരിയും തല തല്ലി ചിരിച്ച്‌ വായും പൊത്തി പുറകോട്ട്‌ ഓടുന്നു‌.
സാറിന്റടുത്ത്‌ ഒരാള്‍ക്കൂട്ടവും. കാണുന്നവനെയൊക്കെ ചീത്ത പറഞ്ഞ്‌ സാര്‍ നിന്ന് തുള്ളുന്നു. കാര്യമറിയാതെ അന്തം വിട്ടുനിന്ന ഞങ്ങളേയും വെറുതെ വിട്ടില്ല.

"നീയൊക്കെ ഈ ചതി ചെയ്യാനാണല്ലേ.. എന്നെ.... പൊക്കി കേറ്റി വിട്ടത്‌..??"-------
അദ്ദേഹത്തിന്റെ ഇരിപ്പിട പിന്‍ഭാഗമെല്ലാം ചുവന്നു തണിര്‍ത്തിരിക്കുന്നു..

സംഭവിച്ചത്:

വണ്ടിയിലെ താല്‍ക്കാലിക സ്റ്റേജ്‌ ബഞ്ചുകള്‍ കൂട്ടിയിട്ട്‌ ഉണ്ടാക്കിയതായിരുന്നു. അതിനു മുകളില്‍ വെളുത്ത തുണിയും വിരിച്ചാണ്‌ രാജാവിനേയും ചെറുശ്ശേരിയേയും ഇരുത്തിയിരുന്നത്‌.
എന്നാല്‍ സാറിന്റെ ശരീര ശാസ്ത്രം ഒരു ബെഞ്ചിന്റെ വീതിയില്‍ ഒതുങ്ങുന്നതായിരുന്നില്ല.

വണ്ടി ഓടിത്തുടങ്ങുമ്പോള്‍ ബഞ്ചുകളും അനങ്ങും അവ സാറിനെ പിച്ചും..

സാര്‍ എങ്ങോട്ട്‌ മാറിയിരുന്നിട്ടും നോ ചേഞ്ച്‌...

... അവ പിച്ചോട്‌.. പിച്ച്‌ ...


വാല്‍ക്കഷ്ണം:

ടാബ്ലോ ഒന്നാം സമ്മാനം ഞങ്ങള്‍ക്കായിരുന്നു.

6 comments:

വിനോദ്, വൈക്കം said...

രണ്ട്‌ കിലോമീറ്റര്‍ കൂടി കഴിഞ്ഞാലെ ഘോഷയാത്ര അവസാനിക്കൂ.ഞാന്‍ സാറിനോട്‌ ആംഗ്യം കാട്ടി ... ഇപ്പോള്‍ കഴിയും...
അദ്ദേഹത്തിന്റെ മുഖത്തെ ഗാംഭീര്യമെല്ലാം എവിടെപ്പോയെന്നറിയില്ല.. വല്ലാതെ വിയര്‍ത്തിട്ടും ഉണ്ട്‌.എന്നെ തുറിച്ചു നോക്കുന്നതും കൂടി കണ്ടപ്പോള്‍ ഞാന്‍ അവിടെ നിന്നും പുറകോട്ട്‌ വലിഞ്ഞു..

വിനോദ്, വൈക്കം said...

വെളിച്ചം കാണാതെ കുഴിച്ചു മൂടേണ്ടി വരുമോ?..

ലിഡിയ said...

"വണ്ടി ഓടിത്തുടങ്ങുമ്പോള്‍ ബഞ്ചുകളും അനങ്ങും അവ സാറിനെ പിച്ചും.."

ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ തന്നെ ചിരിച്ചു പോയി..

നന്നായിരിക്കുന്നു.

-പാര്‍വതി.

വിനോദ്, വൈക്കം said...

വളരെ നന്ദി .. പാര്‍വ്വതി..

കാളിയമ്പി said...

വൈക്കേട്ടാ..സാറിനു കിട്ടിയ പിച്ച് രസമായി..
പാര്‍വതി പറഞ്ഞതിനോട് ആദ്യമായി യോജിയ്ക്കുന്നു:)

വിശ്വപ്രഭ viswaprabha said...

ആഹാ, അപ്പോ ബെഞ്ചുകളാണാല്ലേ, “ഉന്തുന്തു ഉന്തുന്തു ആളെയുന്തു” ആടിയിരുന്നത്!

ഈ നാല്‍ക്കാലികളുടെ ഒരു കാര്യം!